കേരളത്തിലെ ഏറണാകുളം ജില്ലയില്‍പെട്ട വടക്കന്‍ പറവൂരിലെ വടക്കേക്കര പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് കുഞ്ഞിത്തൈ. പെരിയാറിൻ്റെ കൈവഴികൾ തെക്കും പടിഞ്ഞാറും വടക്കും അതിർത്തിയായ ഒരു പുഴയോര ഗ്രാമമാണ്. പുരാതന തുറമുഖ നഗരമായ മുസിരിസ് (പട്ടണം/ മാച്ചാംതുരുത്ത്), കുഞ്ഞിത്തൈയുമായി കിഴക്കേ അതിർത്തി പങ്കിടുന്നു.
                       ഈ പ്രദേശത്തെ ഏക സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. ഈ ക്ഷേത്രം നിലവില്‍ വന്നിട്ട് ഏകദേശം 75 വർഷത്തോളം പഴക്കമുണ്ട്. ഈ ക്ഷേത്രം ഉണ്ടാവാന്‍ പ്രധാന കാരണം ഈ ദേശത്തെ ആളുകള്‍ അടുത്തുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനായി ചെല്ലുമ്പോള്‍ അനാചാര സമ്പ്രദായങ്ങള്‍ മൂലം അനുഭവപെട്ടുകൊണ്ടിരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുനതിനു വേണ്ടി കുഞ്ഞിത്തൈ ദേശത്തും ജാതി മത വ്യത്യാസമില്ലാതെ വിശ്വാസികളായ ജനങ്ങള്‍ക്കേവര്‍ക്കും, ഒരുപോലെ ഭഗവാനെ ആരാധിക്കുവാന്‍ വേണ്ടി പണി കഴിപ്പിച്ചതാണ്.
പ്രായമായ ആളുകള്‍ കൂടിച്ചേര്‍ന്ന് അന്നത്തെ കൊച്ചിരാജാവായിരുന്ന ശ്രീ ചിത്തിരതിരുന്നാളിൻ്റെ ഓര്‍മ്മക്കായി "ശ്രീ ചിത്തിര വാലസമാജം" എന്ന നാമധേയത്തില്‍ ഒരു സംഘടന രൂപികരിക്കുകയും ചെറിയ ക്ഷേത്രം പണിത് അതില്‍ ശ്രീ ബാലസുബ്രഹ്‌മണ്യ സ്വാമിയുടെ ഫ്രെയിം ചെയ്ത ഫോട്ടോ വിളക്ക് വച്ച് ആരാധിക്കാന്‍ തുടങ്ങി.
കുറച്ച് നാളുകള്‍ക്കുശേഷം സംഘത്തിലെ മെമ്പര്‍മാര്‍ക്ക് ടി ക്ഷേത്രം പുതുക്കിപണിയണണമെന്ന് തോന്നുകയും അതിനുള്ള പണം സ്വരൂപിക്കുകയും ആചാര്യൻ്റെ നിര്‍ദേശപ്രകാരം നിലവിലുള്ള ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്തായി ഈദേശത്തെ ജനങ്ങള്‍ കുളിക്കുന്നതിനും നീന്തല്‍ പഠിക്കുന്നതിനും ഉപയോഗിച്ചിരുന്ന കുളം നികത്തി ആ സ്ഥലത്ത് ക്ഷേത്രം പണിയുകയും ചെറായി പുരുഷോത്തമന്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠ നടത്തുകയും നിത്യപൂജ ആരംഭിക്കുകയും ചെയ്തു.
തുടര്‍ന്ന് സഭയുടെ കീഴില്‍ മൂന്ന് പോഷക സംഘടനകള്‍ ഉണ്ടാക്കി
1. ശ്രീചിത്തിര മഹിളാസമാജം എന്നപേരിലും
2. ശ്രീചിത്തിര മരണാനന്തര സംഘം എന്നപേരിലും
3. ശ്രീബാല സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രക്ഷേമസംഘം
എന്ന പേരിലും ഈ കാലയളവിലെല്ലാം ഉത്സവം,
ചിറപ്പ്, നവരാത്രിപൂജ, ഷഷ്ടിപൂജ, രാമായണമാസാചരണം, മുടക്കം കൂടാതെ നല്ല രീതിയില്‍ നടത്താറുണ്ടായിരുന്നു.
എന്നാല്‍ കുറച്ച് കാലത്തിനുശേഷം ക്ഷേത്രം കുളം നികത്തി ഉറപ്പില്ലാത്ത ഭൂമിയില്‍ ക്ഷേത്രം പണിതകാരണത്താലോ മറ്റോ ക്ഷേത്രത്തിൻ്റെ മതിലിന് ചിന്നല്‍ വരുകയും ക്ഷേത്രം വീണ്ടും പുതുക്കി ചുറ്റമ്പലം ഉള്ള ക്ഷേത്രം പണിയാന്‍ തീരുമാനിക്കുകയും, എല്ലാ മെമ്പര്‍മാരുടെയും, കുഞ്ഞിത്തൈ ദേശക്കാരുടെയും, മറ്റുദേശക്കാരുടെയും സഹായ സഹകരണത്തോടെ പണികഴിപ്പിച്ചിടുള്ളതാണ് ഇന്നത്തെ ക്ഷേത്രം.
പ്രധാനമായി വൃശ്ചികമാസത്തിലെ ചിറപ്പ് ഉത്സവവും,സരസ്വതി ദേവിയുടെ പൂജ ഉത്സവവും, ഇവിടെ നടത്താറുണ്ട് .ചിറപ്പിനോടനുബന്ധിച്ച് ദിവസവും കുഞ്ഞിത്തൈ ശ്രീ മുരുകഭജന കലാസമിതിയുടെ ഭജനയും, കുഞ്ഞിത്തൈ ശ്രീ മുരുക ശാസ്താംപാട്ട് സംഘത്തിൻ്റെ ശാസ്താംപാട്ടും നടത്താറുണ്ട്.